കൊച്ചി: ഭിക്ഷാടകനായ ഭര്‍ത്താവിന്റെ മാസവരുമാനത്തില്‍ നിന്നും ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാന്‍ ഭാര്യയ്ക്ക് കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പാലക്കാട് സ്വദേശിയായ സെയ്ദലവിക്കെതിരെ രണ്ടാംഭാര്യയാണ് ഹരജി നല്‍കിയത്. ഭാര്യയുടേത് പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുന്ന പ്രവൃത്തിയാണെന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്.
ഭര്‍ത്താവിന് ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന മാസവരുമാനമായ 25000 രൂപയില്‍ നിന്നും 10000 രൂപയാണ് ജീവനാംശമായി ആവശ്യപ്പെട്ടത്. കാഴ്ച പരിമിതിയുള്ള സെയ്തലവി ഒന്നാം ഭാര്യക്കൊപ്പം ജീവിക്കുമ്പോള്‍ തന്നെയാണ് രണ്ടാമതും വിവാഹം കഴിച്ചത്. ഹരജിക്കാരിയെ തലാഖ് ചൊല്ലി മൂന്നാമത് വിവാഹം കഴിക്കാന്‍ പോകയാണെന്ന് സെയ്തലവി തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. നേരത്തേ കുടുംബ കോടതി ഇവരുടെ ഹരജി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം മൂന്നാമതും വിവാഹം കഴിക്കാനുള്ള സെയ്തലവിയുടെ തീരുമാനത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മുസ്ലിം സമുദായത്തില്‍ പെട്ട ഒരാള്‍ക്ക് ഭാര്യമാരെ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ ഒന്നിലധികം വിവാഹം കഴിക്കാന്‍ അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി ഇയാള്‍ക്ക് മതനേതാക്കള്‍ കൗണ്‍സിലിംങ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Prathinidhi Online