പാലക്കാട്: ഡോക്ടര്‍ ചമഞ്ഞ് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് (35) അറസ്റ്റിലായത്. എറണാകുളത്ത് വച്ചാണ് മുബീനയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്നും മനിശ്ശീരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകളാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
2023 ലാണ് കേസിനാസ്പദമായ സംഭവം. മുബീന സ്വകാര്യ ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നും യുവാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് 68 ലക്ഷം രൂപ യുവാവ് മുബീനയ്ക്ക് നല്‍കിയത്. പാലക്കാട് കാവില്‍പ്പാട്ടെ പൂജാരിയാണ് തട്ടിപ്പിനിരയായത്. കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളത്തെ ഷോപ്പിങ് മാളില്‍ നിന്നാണ് മുബീനയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ കൈവശം ഒരുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
2022ലാണ് യുവാവിനെ മുബീന പരിചയപ്പെടുന്നത്. ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏകമകള്‍ ഡോ.നിഖിത ബ്രഹ്‌മദത്തനാണ് താനെന്നാണ് യുവാവിനോട് ഇവര്‍ പറഞ്ഞിരുന്നത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടില്‍ ആണ്‍ അവകാശികളില്ലാത്തതിനാല്‍ സ്വത്ത് ഭാഗം വച്ച് നല്‍കാന്‍ യുവാവിനെ ദത്തെടുക്കാന്‍ തയ്യാറാണെന്നും മുബീന പറഞ്ഞിരുന്നു. ഇക്കാര്യം സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു. ഇത് വിശ്വസിച്ച യുവാവ് ലക്ഷങ്ങള്‍ മുബീനയുടെ ബിസിനസില്‍ നിക്ഷേപിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ യുവാവിനെ വിളിച്ചുവരുത്തുകയും ഡോക്ടറുടെ വേഷത്തില്‍ പെരുമാറുകയും ചെയ്തു. സഹായികളുമായി ചേര്‍ന്ന് ആശുപത്രിയിലെ ഡോക്ടറാണെന്ന് യുവാവിനെ വിശ്വസിപ്പിക്കാന്‍ പ്രതിക്ക് കഴിഞ്ഞിരുന്നു.
കേസില്‍ 8 പേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുബീനയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന രണ്ടാംപ്രതി അമ്പലപ്പുഴ സ്വദേശി ശ്യാം സന്തോഷിന്റെ (33) ഫോണില്‍ നിന്നാണ് മുബീന ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സന്തോഷ് കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യം നേടിയിരുന്നു. മുബീനയുടെ പേരില്‍ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
Prathinidhi Online