3 തവണ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തി; യുവതിയെ വ്യാപാരിയും കൂട്ടരും തല്ലിക്കൊന്നു

കോയമ്പത്തൂര്‍: 3 തവണ മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ യുവതിയെ വ്യാപാരിയും കൂട്ടരും സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. കൃഷ്ണഗിരി ഊത്തങ്കര സ്വദേശി പെരിയസ്വാമിയുടെ ഭാര്യ സുധ (39) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മേട്ടുപ്പാളയത്തിലെ ധനകാര്യ സ്ഥാപന നടത്തിപ്പുകാരനായ രത്‌നപുരി ജിപിഎം നഗറില്‍ രാജാറാം (53) കീഴടങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട സുധ

വ്യാപാരി പറയുന്നത് പ്രകാരം ഡിസംബര്‍ 8നാണ് സുധ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയം വയ്ക്കാനായി എത്തുന്നത്. തുണി വ്യാപാരിയാണെന്നും സുമതിയെന്നാണ് പേരെന്നുമാണ് ഇവര്‍ പരിചയപ്പെടുത്തിയിരുന്നത്. 30000 രൂപയാണ് സ്വര്‍ണപ്പണയമായി അന്ന് സുധ കൈപ്പറ്റിയത്. പിന്നീട് ഡിസംബര്‍ 9ന് കടയിലെത്തി വള പണയം വച്ച് 32000 രൂപയും ഡിസംബര്‍ 12ന് ആഭരണങ്ങള്‍ പണയം വച്ച് 75000 രൂപയും സുധ കൈപ്പറ്റി. പിന്നീട് കടയിലുള്ളവര്‍ ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണമല്ലെന്ന് തിരിച്ചറിയുന്നത്.

അന്വേഷണത്തില്‍ യുവതിയുടെ അഡ്രസും പേരും വ്യാജമാണെന്ന് കടയിലുള്ളവര്‍ കണ്ടെത്തി. രാജാറാം സുഹൃത്തിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഡിസംബര്‍ 17ന് വീണ്ടും ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ സുധ കടയിലെത്തി. തുടര്‍ന്ന് രാജാറാം സുഹൃത്തുക്കളെ കടയിലേക്ക് വിളിപ്പിക്കുകയും യുവതിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ അത്തിപ്പാളയം റോഡ് വാട്ടര്‍ ടാങ്കിനു സമീപം ആളില്ലാത്ത സ്ഥലത്തെത്തിച്ച് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ചു. തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടു. എന്നാല്‍ രാജാറാം വ്യാഴാഴ്ച പോലീസില്‍ കീഴടങ്ങി വിവരം പറയുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. രാജാറാമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …