തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് മരക്കൊമ്പു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത് പരേതനായ അശോകന്റേയും ശ്രീജയുടേയും മകള്‍ ആതിരയാണ് (27) മരിച്ചത്. പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ആതിര സഞ്ചരിച്ച കാറിന്റെ ചില്ലിലേക്ക് തുളച്ചു കയറുകയായിരുന്നു.
കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മരത്തില്‍ ഇടിക്കുകയും മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞ് എതിരെ വന്ന കാറിലേക്ക് വീഴുകയുമായിരുന്നു. കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാളിലേക്ക് പോകുകയായിരുന്നു ആതിര. കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിരയുണ്ടായിരുന്നത്. ചില്ലുതുളച്ച് അകത്ത് കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലുകൂടി തകര്‍ത്ത് പുറത്തെത്തി. ഉടന്‍തന്നെ നാട്ടുകാര്‍ ഇരുവരേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ തവനൂര്‍ തൃപ്പാലൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിന് പരിക്കേറ്റിട്ടുണ്ട്.
അതേസമയം അപകടത്തിനിടയാക്കിയ ലോറി സംഭവ സ്ഥലത്ത് നിന്ന് നിര്‍ത്താതെ പോയി. എടപ്പാള്‍ കെവിആര്‍ ഓട്ടോ മൊബൈല്‍സിലെ ജീവനക്കാരിയാണ് മരിച്ച ആതിര. വിഷ്ണുവാണ് ഭര്‍ത്താവ്. അഭിലാഷഅ, അനു എന്നിവര്‍ സഹോദരങ്ങളാണ്.
Prathinidhi Online