40 ദിവസത്തെ പോരാട്ടം അവസാനിച്ചു; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവതി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 40 ദിവസമായി ചികിത്സയിലായിരുന്ന യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ വിഷ്ണുവിന്റെ ഭാര്യ കെ.വിനയ (26) ആണ് മരിച്ചത്. രോഗബാധമൂലം സംസ്ഥാനത്ത് ഈ മാസം മാത്രം 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നവംബറില്‍ രോഗബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്കാണ്.

പനി ബാധിച്ചതിനെ തുടര്‍ന്ന് വിനയ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. 40 ദിവസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം. അതേസമയം വിനയയ്ക്ക് രോഗബാധ എവിടെ നിന്നുണ്ടായി എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഇവരുടെ വീട്ടില്‍ നിന്നും ശേഖരിച്ച ജല സാമ്പിളിന്റെ പരിശോധന ഫലം ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. അഭിനവാണ് മരിച്ച വിനയയുടെ മകന്‍.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 170 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിരുവനന്തപുരത്ത് 8 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധ സ്ഥിരീകരിക്കാന്‍ വൈകുന്നതാണ് പ്രധാന വെല്ലുവിളിയായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രോഗബാധയുടെ ഉറവിടവും കണ്ടെത്താന്‍ കഴിയാറില്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

comments

Check Also

മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ …