പാലക്കാട്: രാഹുൽ മാങ്കൂട്ടം എം എൽ എ ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. വ്യാഴാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവയടക്കം കൈമാറിയതാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്. ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണെന്ന തരത്തിലായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പരാതി നൽകിയിട്ടുണ്ട്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വനിത നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷൻ നിയോഗിക്കണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പുറമേ ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും സജ്നയുടെ പരാതിയിലുണ്ട്.
അതേസമയം കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുൽ വിഷയത്തോട് പ്രതികരിച്ചത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള നയ്യാറെടുപ്പിലാണ് രാഹുൽ. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ നേരത്തേ പോലീസ് കേസെടുത്തിരുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിരുന്നില്ല.
Prathinidhi Online